About Us

girls high school pathanamthitta

ബാലികാമഠം ഹൈസ്കൂൾ ശതാബ്ദിയിലേക്ക് , കേരളത്തിലെ സ്ത്രീവിദ്യാഭ്യാസരംഗത്ത് ചരിത്രം രചിച്ച ബാലികാമഠം ഹൈസ്കൂൾ ശതാബ്ദിയിലേക്ക് എത്തിച്ചേരുകയാണ് . ബാലികാമഠത്തിന്റെ ഉയർച്ചക്ക് നിദാനമായത് ഇതിലെ പ്രവർത്തകരുടെ ത്യാഗവും സമർപ്പണവുമാണ്. ഒരു കുടുംബത്തിലെ സ്ത്രീയ്ക്ക് വിദ്യ നൽകിയാൽ ഒരു ലോകം മുഴുവൻ നന്നാവുമെന്ന നെഹ്രുവിന്റെ വാക്കുകൾ അന്വർത്ഥമാവുന്ന തരത്തിലായിരുന്നു ബാലികാമഠം ഹൈസ്കൂളിന്റെ പിറവി . യശഃശരീരനായ കണ്ടതിൽ വര്ഗ്ഗീസ് മാപ്പിളയുടെ ദീർഘവീക്ഷണ ഫലമായി പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ച ബാലികാമഠം ഹൈസ്കൂൾ ഇന്ന് 100 വയസ്സിലെത്തി നിൽക്കുകയാണ്. സ്ത്രീശാക്തീകരണത്തിന്റെ മേഖലയിൽ ബാലികാമഠം സ്കൂൾ നടത്തിയ മുന്നേറ്റത്തിന് വേണ്ടി പ്രവർത്തിച്ച ശ്രീ കണ്ടതിൽ വർഗ്ഗീസ് മാപ്പിള അവർകളുടെ ആംഗലേയ വനിതകളായ മിസ് ഹോംസിന്റെയും മിസ് ബ്രൂക്ക്സ് സ്മിത്തിന്റേയും സുവർണ്ണ സ്മരണകൾക്കു മുൻപിൽ ആദ്യമേ തന്നെ ശിരസ് നമിക്കുന്നു.

ഇംഗ്ലണ്ടിൽ നിന്നും ആംഗലേയ അധ്യാപികമാരെ വരുത്തി സ്കൂൾ തുടങ്ങണം എന്നായിരുന്നു സ്ഥാപകന്റെ ആഗ്രഹം. എങ്കിലും ആഗ്രഹ നിവർത്തിക്കായി സ്കൂൾ കെട്ടിടത്തിന്റെ പ്രധാനഭാഗം വേഗത്തിൽ പൂർത്തിയാക്കി ഉൽഘാടനം നിർവഹിക്കുന്നതിനായി തന്റെ ബഹുമാന്യ മിത്രവും, മലയാള സാഹിത്യ സാമ്രാട്ടുമായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാനെ ക്ഷണിക്കുകയും, അദ്ദേഹം തലസ്‌ഥാന നഗരിയിൽ നിന്നും തിരുമൂലപുരത്ത് എത്തി സ്കൂൾ ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. മാനനീയരായ അനേകം വ്യക്തികൾ ഈ ചടങ്ങിൽ പങ്കെടുത്തു. പക്ഷേ താമസമന്യേ 1904 - ൽ ശ്രീ വർഗ്ഗീസ് മാപ്പിള ദിവംഗതനായി. ആ സ്ഥാപനത്തിൽ 16 വർഷങ്ങൾക്ക് ശേഷം വർഗ്ഗീസ് മാപ്പിളയുടെ ആദർശങ്ങൾക്ക് രൂപം നൽകാനായി ഇംഗ്ളണ്ടിനു നൽകാവുന്ന അത്ത്യുത്തമ വനിതകളായ മിസ് ഹോംസും, മിസ് ബ്രൂക്ക്‌സും സ്മിത്തും ശ്രീ കെ വി ഈപ്പന്റെ (വർഗ്ഗീസ് മാപ്പിളയുടെ പുത്രൻ ) അഭ്യർത്ഥന പ്രകാരം 1920 മാർച്ച് മാസം തിരുമൂപുരത്ത് എത്തിച്ചേരുന്നു. സ്കൂൾ വർഷാരംഭത്തിൽ തന്നെ സ്കൂൾ തുടങ്ങുവാൻ തക്കവണ്ണം ശ്രീ കെ വി ഈപ്പൻ സ്കൂൾ സജ്ജീകരിച്ചു. സ്കൂളിനെ പ്രശസ്തിയുടെ മണിഗോപുരത്തിൽ പ്രതിഷ്ഠിച്ചതിനു ശേഷം മിസ് ഹോംസ് ജന്മനാടായ ഇംഗ്ളണ്ടിലേക്ക് തിരികെപ്പോയി. മിസ് ഹോംസിനൊപ്പം 24 - ാംമത്തെ വയസ്സിൽ തിരുമൂലപുരത്തേക്ക് കടന്നു വന്ന് ബാലികാമഠത്തിന്റെ പ്രഥമാദ്ധ്യാപികനായി, നീണ്ട 32 സവംത്സരക്കാലം സേവനമനുഷ്ഠിച്ച ശേഷം ഇതിന്റെ മാനേജർ പദവി അലങ്കരിച്ചു കൊണ്ട് ഇവിടെ ജീവിച്ച് ഈ മണ്ണിൽ അന്ത്യ വിശ്രമം കൊള്ളുകയും ചെയ്ത വനിതനയാണ് മിസ് ബ്രൂക്സ് സ്മിത്ത്. 1974 ആഗസ്ത് 5 - ാം തീയതി മിസ് ബ്രൂക്സ് സ്മിത്ത് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. മിസ് ബ്രൂക്സ് സ്മിത്തിനുശേഷം ശ്രീ. പി. വി. വർഗ്ഗീസ്, ശ്രീമതിമാരായ അക്കാമ്മ കുരുവിള, എലിസബേത്ത് കുരുവിള, വി. ഐ. മറിയാമ്മ, രാജമ്മ ഫിലിപ്പ്, സൂസി മാത്യു, മറിയാമ്മ കോശി, പി.ജി. റേച്ചൽ, ഏലമ്മ തോമസ്, സാറാമ്മ ഉമ്മൻ എന്നിങ്ങനെ പത്തു പേർ സ്കൂളിന്റെ സാരഥ്യം വഹിച്ചു. ഇപ്പോഴത്തെ പ്രഥമദ്ധ്യാപികനായി ശ്രീമതി. സുജ ആനി മാത്യു സേവനമനുഷ്ടിക്കുന്നു.

1998 - ൽ ബാലികാഠം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീമതിമാരായ പി.ജി. റേച്ചൽ, ഏലമ്മ തോമസ്, ലീലാമ്മ ജോർജ്ജ് എന്നിവർ പ്രിൻസിപ്പലുമാരായി സേവനമനുഷ്ഠിച്ചു. ഇപ്പോഴത്തെ പ്രിൻസിപ്പലിനായി ശ്രീമതി. സുനിത കുര്യൻ സേവനമനുഷ്ഠിച്ചു വരുന്നു. ബാലികാമഠം ഹൈസ്കൂളിന്റെ പോഷകഘടകമായി ഒരു മാതൃകാ പ്രൈമറി വിദ്യാലയം വേണമെന്നുള്ളത് മിസ് ഹോംസിന്റെ എന്നത്തെയും ഒരു അഭിലാഷമായിരുന്നു. അത് സഫലമായത് ബ്രൂക്സ് സ്മിത്ത് പ്രഥമദ്ധ്യാപികയായിരുന്ന കാലത്താണ്. ശ്രീമതി. C.Z . അന്നമ്മയുടെ ചുമതലയിൽ പ്രസ്തുത സ്കൂൾ ബാലികാമഠം നേഴ്സറി ആന്റ് കിന്റർ ഗാർഡൻ സ്കൂൾ എന്ന നാമഥേയത്തിൽ ആരംഭിച്ചു. ശ്രീമതിമാരായ കെ.ഇ റോസമ്മ , ചിന്നമ്മ കോവൂർ. സരളാ സ്റ്റീഫൻ എന്നിവർ സാരഥ്യം വഹിച്ചു. ശ്രീമതി. ഷിനു വർഗ്ഗീസ് ഇപ്പോൾ പ്രഥമദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ശ്രീമാൻ ഇ. വി. ഈപ്പൻ, അഭിവന്ദ്യ ഈവാനിയോസ് തിരുമേനി, അഭിവന്ദ്യ പീലിക്സിനോസ് തിരുമേനി, അഭിവന്ദ്യ പക്കോമിയോസ് തിരുമേനി, അഭിവന്ദ്യ തെയോഫോറസ് റമ്പാച്ചൻ, ശ്രീ. കെ. സി വർഗ്ഗീസ് മാപ്പിള, ഡോ കെ. സി. മാമ്മൻ എന്നിവർ മാനേജർമാരായി സേവനമനുഷ്ഠിച്ചു. നിലവിൽ ശ്രീമാൻ ജോർജ്ജ് വർഗ്ഗീസ് അവർകൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു. ഈ സരസ്വതി ക്ഷേത്രത്തിന്റെ വളർച്ചയ്ക് ചെറുതും വലുതുമായ സംഭാവനകൾ നൽകിയ അനേകരുണ്ട്. സ്കൂളിന്റെ ആരംഭകാലം മുതൽ ചിട്ടയായ പരിശീലനം നൽകി ഒരു ബോർഡിങ് ഹോം പ്രവർത്തിച്ചുരുന്നു. ബോർഡിങ് ഹോമിന്റെ ഇപ്പോഴത്തെ സാരഥിയായി ശ്രീമതി എലിസബേത്ത് മാത്യു പ്രവർത്തിക്കുന്നു. ചെമ്പകത്തിന്റെയും പവിഴമല്ലിപ്പൂക്കളുടെയും മോർണിംഗ് ഗ്ലോറിപ്പൂക്കളുടെയും ഗന്ധം നിറഞ്ഞ, തണൽ നിറഞ്ഞ ക്യാമ്പസ് എന്നും ബാലികാമഠത്തിന്റെ സ്വന്തമാണ്. എവിടെയും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യം. ആത്മീയാന്തരീക്ഷം നിറഞ്ഞ ചാപ്പൽ. ഇന്നും അനേക വിദ്യാർത്ഥിനികൾക്ക് മാർഗ്ഗദർശകമായി ഈ അക്ഷരമുത്തശ്ശി വെളിച്ചം വിതറുന്നു